നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; തലശേരിയില്‍ 27 കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പാനൂര്‍ പാറാട് സ്വദേശി മുഹമ്മദ് അജ്മല്‍(27) ആണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്. പിന്നീട് യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ എസ്.ഐ. കെ. അശ്വതിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയുടെ ചിത്രം പൊലീസ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു.
വൈകീട്ട് ആറുമണിയോടെ എസ്.ഐ. അശ്വതിയും സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിജില്‍, ഹിരണ്‍, സായൂജ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടി. സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തശേഷം എസ്.ഐ. ഷമീല്‍ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ മുഹമ്മദ് അജ്മലിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ ബലാത്സംഗവും കവര്‍ച്ചയും ഉള്‍പ്പെടെ നാല് കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page