ജന്മനാ രണ്ട് കൈകളുമില്ലെങ്കിലും വിധിയെ പഴിച്ച് മാറി നില്‍ക്കാതെ പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി; കാല് കൊണ്ട് വോട്ട് ചെയ്തു

പയ്യന്നൂര്‍: ജന്മനാ രണ്ട് കൈകളുമില്ലെങ്കിലും വിധിയെ പഴിച്ച് മാറി നില്‍ക്കാതെ പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈശാഖ് ഏറ്റുകുടുക്ക കാല് കൊണ്ട് വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഏറ്റുകുടുക്ക എയുപി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ ശ്രദ്ധാകേന്ദ്രമായതും കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ വൈശാഖ് ഏറ്റുകുടുക്ക തന്നെയാണ്. പുലര്‍ച്ചെ മുതല്‍ തന്നെ വൈശാഖിന്റെ സജീവ സാന്നിധ്യം ബൂത്തിലുണ്ടായിരുന്നു.

വിരലുകള്‍ ഇല്ലാത്തതിനാല്‍ കാലുകൊണ്ടാണ് വൈശാഖ് ഒപ്പുവെച്ചത്. മഷി പുരട്ടാന്‍ കൈകള്‍ക്ക് പകരം തന്റെ കാല്‍വിരല്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നീട്ടിക്കൊടുത്തു, കാല്‍വിരല്‍കൊണ്ടുതന്നെ വോട്ടും ചെയ്തു. ജനാധിപത്യപ്രക്രിയയിലും തിരഞ്ഞെടുപ്പിലും ഭിന്നശേഷിക്കാര്‍ക്കുകൂടി ഇടമുണ്ടെന്നും അത് തെളിയിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും വൈശാഖ് പറഞ്ഞു.

നല്ലൊരു ചിത്രകാരനും ഇന്ത്യന്‍ മൗത്ത് ആന്‍ഡ് ഫുട്ട് പെയിന്റിങ് അസോസിയേഷന്‍ അംഗവുമാണ് യൂത്ത് കോണ്‍ഗ്രസ് കാങ്കോല്‍-ആലപ്പടമ്പ് മണ്ഡലം പ്രസിഡന്റുകൂടിയായ വൈശാഖ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റായിരുന്ന വൈശാഖിനെ ബൂത്തിലെത്തുന്നത് തടയാന്‍ അന്ന് ശ്രമമുണ്ടായിരുന്നു. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും പല പ്രതിസന്ധിഘട്ടങ്ങളും ഉണ്ടായിരുന്നുവെന്നും അതിനെയെല്ലാം അതിജീവിച്ചുവെന്നും വൈശാഖ് അറിയിച്ചു. പ്രചാരണ ബോര്‍ഡുകള്‍ പലതും നശിപ്പിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും തന്നെ പിന്തിരിപ്പിക്കാനാകില്ലെന്ന് വൈശാഖ് ചൂണ്ടിക്കാട്ടി.

സിപിഎം ആലപ്പടമ്പ് ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷകസംഘം ഏരിയാ കമ്മിറ്റിയംഗവുമായ ടി. വിജയനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യു.ശ്രാവണ്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിച്ചു. ഇത്തവണ വാര്‍ഡില്‍ 1167 വോട്ടുകളുണ്ട്. കഴിഞ്ഞതവണ യുഡിഎഫിന് 170 വോട്ടാണ് ലഭിച്ചതെന്ന് വൈശാഖ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page