ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിദേശ പര്യടനങ്ങള്‍ക്കിടെ ‘തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു’; പുതിയ വിവാദത്തിന് തിരികൊളുത്തി രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിദേശ പര്യടനങ്ങള്‍ നടത്തുമ്പോള്‍ നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് റിവാബയുടെ വെളിപ്പെടുത്തല്‍. റിവാബയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭര്‍ത്താവിന്റെ സത്യസന്ധതയെയും നെഗറ്റീവ് സ്വാധീനങ്ങള്‍ ഒഴിവാക്കുന്നതിനെയും അവര്‍ പ്രശംസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

‘ലണ്ടനിലും ദുബായിലും ഓസ്‌ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളില്‍ എത്തിയിട്ടും ഏതെങ്കിലും ആസക്തികളിലേക്കോ മോശപ്പെട്ട കാര്യങ്ങളിലേക്കോ അദ്ദേഹം തിരിഞ്ഞിട്ടില്ല. മറ്റുതാരങ്ങള്‍ സദാചാര വിരുദ്ധമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുന്നത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്ത ബോധം കൊണ്ടാണെന്നും റിവാബ പറയുന്നു.

താരങ്ങളുടെ പേര് എടുത്തുപറയാതെയാണ് റിവാബയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പൊതു അന്തരീക്ഷത്തെയും സംസ്‌കാരത്തെയും കുറിച്ച് വലിയ ചോദ്യചിഹ്നമാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉയരുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പോലും തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമായിരുന്നു, പക്ഷേ ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

2009 ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 37 കാരനായ ജഡേജ 89 ടെസ്റ്റുകളും 207 ഏകദിനങ്ങളും 74 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി ഏകദേശം 6500 റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം ഇടംകൈയ്യന്‍ സ്പിന്‍ ബൗളിംഗിലൂടെ 634 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്.

എല്ലാ ഫോര്‍മാറ്റുകളിലും ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ് ജഡേജ. ട്വന്റി20യില്‍നിന്നു വിരമിച്ച രവീന്ദ്ര ജഡേജ, ഏകദിനത്തിലും ടെസ്റ്റിലും മാത്രമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞതോടെ വിശ്രമത്തിലാണ് താരം ഇപ്പോള്‍. അടുത്ത വര്‍ഷം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലൂടെ ജഡേജ ടീമില്‍ തിരിച്ചെത്തും. തുടര്‍ന്ന്, 2026 ലെ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പ്രതിനിധീകരിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ വാങ്ങിയതോടെയാണ് ജഡേജ റോയല്‍സിലെത്തിയത്. ജഡേജ തങ്ങളുടെ ഫ്രാഞ്ചൈസിയില്‍ വീണ്ടും ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് ടീം ഉടമ മനോജ് ബദലെ അവകാശപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page