ന്യൂഡല്‍ഹി:: ഇന്‍ഡിഗോ പ്രതിസന്ധിക്ക് പിന്നാലെ നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ഡിജിസിഎ.
എയര്‍ലൈന്‍സ് സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍മാരായ ഋഷി രാജ് ചാറ്റര്‍ജി, സീമ ജാംനാനി, അനില്‍ കുമാര്‍ പൊഖ്രിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പിരിച്ചുവിട്ടത്.
തിങ്കളാഴ്ച വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി. ദുരിതബാധിതരായ യാത്രക്കാര്‍ക്ക് യാത്രാ വൗച്ചറുകളുടെ രൂപത്തില്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് എയര്‍ലൈന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
അതിനിടെ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് വ്യാഴാഴ്ച ഡിജിസിഎ രൂപീകരിച്ച അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി. ഏകദേശം 3 ലക്ഷം യാത്രക്കാരുമായി ഇന്‍ഡിഗോയുടെ 1,950 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അന്വേഷണ സമിതിയെ അറിയിച്ചു.
2,300 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയര്‍ലൈനിനോട് ശൈത്യകാല ഷെഡ്യൂള്‍ 10 ശതമാനം കുറയ്ക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുന്നതിനും ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നതിനും വിമാന തടസ്സങ്ങള്‍ക്കും കാരണമായ ഘടകങ്ങളെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുന്നതിനാല്‍ വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ സിഇഒയോട് ആവശ്യപ്പെട്ടു.
ഇന്‍ഡിഗോയെച്ചൊല്ലിയുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചതോടെ, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന് സിജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ 58.75 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ കമ്പനി രംഗത്തെത്തിയിരുന്നു. അതേസമയം ഡല്‍ഹി, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളില്‍ വ്യാഴാഴ്ച 200 ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.







