ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ (91) അന്തരിച്ചു. മഹാരാഷ്ട്ര ലാത്തൂരിലെ വസതിയില്‍ രാവിലെ 6:30 വോടെയായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ്. ലോക്സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രി തുടങ്ങി നിരവധി പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
1972 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ചു. 1980ല്‍ ലാത്തൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി. ലാത്തൂരില്‍നിന്ന് 7 തവണ ലോക്‌സഭയിലെത്തിയിരുന്നു. 2004 മുതല്‍ 2008വരെ ആദ്യ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ല്‍ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശിവരാജ് പാട്ടീല്‍ രാജിവച്ചു.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബര്‍ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്സിയും ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടി.
ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഏറെ സംഭാവനകള്‍ ചെയ്ത നേതാവായിരുന്നു ശിവരാജ് പാട്ടീല്‍. പാര്‍ലമെന്റില്‍ ഇദ്ദേഹം നിരവധി പ്രധാന വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു.1980ല്‍ ശിവരാജ് പാട്ടീല്‍ കേന്ദ്ര മന്ത്രിസഭ അംഗമായി.
ആദ്യം ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ്ഗാന്ധിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു. നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1991ല്‍ സ്പീക്കറായിരിക്കുമ്പോഴാണ് ലാത്തൂരില്‍ ഭൂകമ്പം ഉണ്ടാകുന്നത്. അപ്പോള്‍ ദുരന്തമുഖത്ത് നേരിട്ടെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു.
2004ല്‍ ശിവരാജ് പട്ടീല്‍ ആഭ്യന്തരമന്ത്രിയായി. എന്നാല്‍, നാല് വര്‍ഷത്തിനുള്ളില്‍ രാജിവെച്ചു. മുംബൈ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാജി വെച്ചത്. 2010 മുതല്‍ 2015വരെ പഞ്ചാബ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു. ചണ്ഡിഗഡില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയും വഹിച്ചിട്ടുണ്ട്.







