മുംബൈ: ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചുവെന്ന വാര്‍ത്തകളെ തള്ളി മകള്‍ ഇഷ ഡിയോള്‍. മാധ്യമങ്ങള്‍ തിടുക്കം കാട്ടി തെറ്റായ വര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഇഷ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ പറഞ്ഞു. ‘അച്ഛന് കുഴപ്പമൊന്നുമില്ല, അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അച്ഛന്‍ പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായുള്ള എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി ‘ ഇഷ അറിയിച്ചു.
89 കാരനായ താരം അന്തരിച്ചതായി ചൊവ്വാഴ്ച രാവിലെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ അദ്ദേഹം ആശുപത്രിയിലാണ്. തിങ്കളാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നടി ഹേമമാലിനിയാണ് ധര്‍മ്മേന്ദ്രയുടെ ഭാര്യ. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്. ബോളിവുഡിന്റെ ഹീമാന്‍ എന്നായിരുന്നു ധര്‍മ്മേന്ദ്രയ്ക്ക് നല്‍കിയിരുന്ന വിശേഷണം. 1960-ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു. ഹഖീഖത്ത്, ഫൂല്‍ ഔര്‍ പത്തര്‍, മേരാ ഗാവ് മേരാ ദേശ്, സീത ഔര്‍ ഗീത, ചുപ്കെ ചുപ്കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തന്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധര്‍മേന്ദ്ര ബിഗ് സ്‌ക്രീനുകള്‍ ഭരിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളില്‍ ഒരാളായി ധര്‍മ്മേന്ദ്ര മാറി.
ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ധര്‍മ്മേന്ദ്രയുടെ പേരിലാണ്. 1973 ല്‍ അദ്ദേഹം എട്ട് ഹിറ്റുകളും 1987ല്‍ തുടര്‍ച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നല്‍കി. ഇത് ഹിന്ദി സിനിമാ ചരിത്രത്തില്‍ എക്കാലത്തേയും റെക്കോര്‍ഡാണ്.
അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന ‘ഇക്കിസ്’ ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബര്‍ 25-ന് പുറത്തിറങ്ങും.







