ചെങ്കോട്ട സ്‌ഫോടനം; മരണപ്പെട്ട 5 പേരെ തിരിച്ചറിഞ്ഞു, സ്‌ഫോടനം നടത്തിയത് നീലയും കറുപ്പുമുള്ള ടി ഷര്‍ട്ടുധാരി, ചാവേര്‍ ആക്രമണമെന്ന് സംശയം, കാര്‍ പാര്‍ക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്‌സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനില്‍ വിടാന്‍ എത്തിയതായിരുന്നു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. അതിനിടെ അമിത്ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഡല്‍ഹിയില്‍ നടക്കുകയാണ്. ചെങ്കോട്ടയിലുണ്ടായത് ചാവേര്‍ ആക്രമണമെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകര സംഘത്തില്‍ പൊലീസ് തെരയുന്ന ഉമര്‍ മുഹമ്മദെന്നാണ് പുറത്ത് വരുന്ന വിവരം. സ്ഥലത്തുനിന്ന് ഉമറിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനക്ക് ശേഷമേ ആളെ തിരിച്ചറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു. അതിനിടെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്ന വെളുത്ത ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എച്ച്ആര്‍ 26CE7674 എന്ന നമ്പര്‍ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാര്‍ക്കുചെയ്തിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഡ്രൈവര്‍ മാത്രമാണ് സംഭവസമയം കാറിലുണ്ടായിരുന്നത്. നീലയും കറുപ്പും കലര്‍ന്ന ടീ ഷര്‍ട്ടാണ് ഡ്രൈവര്‍ ധരിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് 6.52 ന് നടന്ന സ്‌ഫോടനത്തില്‍ സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍ എന്നിവ തകര്‍ന്നിരുന്നു. റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ തിരക്കേറിയ സ്ഥലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ഹ്യുണ്ടായ് ഐ 20 കാറില്‍ നിന്നാണ് സ്‌ഫോടനം നടന്നത്. തിങ്കളാഴ്ച ഫരീദാബാദില്‍ നിന്ന് പിടികൂടിയ ഡോക്ടര്‍മാര്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page