ചെങ്കോട്ട സ്‌ഫോടനം; എന്‍ഐഎ അന്വേഷണം ആരംഭിച്ചു; മൃതദേഹം ഉമറിന്റേത് ആണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ചെങ്കോട്ട സ്‌ഫോടനത്തിന്റെ അന്വേഷണം പൂര്‍ണമായും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. ഇതിന് പിന്നാലെ അന്വേഷണം ഏറ്റെടുത്തതായി എന്‍ ഐ എ അറിയിച്ചു. ചാവേര്‍ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്.
ചാവേര്‍ ബോംബര്‍ എന്ന് സംശയിക്കുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടെത്തിയ മൃതദേഹം ഉമറിന്റേത് ആണോ എന്ന് സ്ഥിരീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദാണെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട കാറിന്റെ ഉടമയായ ഉമര്‍ പരിഭ്രാന്തനാകുകയും ചെങ്കോട്ടയ്ക്ക് സമീപം എത്തി ചാവേര്‍ ആക്രമണം നടത്തിയെന്നാണ് വിവരം. ഫരീദാബാദില്‍ നിന്ന് കണ്ടെത്തിയ അമോണിയം നൈട്രേറ്റ് സ്‌ഫോടനത്തില്‍ ഉപയോഗിച്ചതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
സ്‌ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു.
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവിധ അന്വേഷണ സംഘങ്ങള്‍ വിശദമായ അന്വേഷണം തുടരുകയാണ്. ഈ അന്വേഷണങ്ങളെല്ലാം ഇനി എന്‍ ഐ എയുടെ മേല്‍നോട്ടത്തിലാകും നടക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page