സിസിടിവി ക്യാമറകള്‍ തുണച്ചു; കുപ്രസിദ്ധ മോഷ്ടാവ് കവര്‍ച്ചാ ശ്രമത്തിനിടയില്‍ അറസ്റ്റില്‍

മംഗ്ളൂരു: അടഞ്ഞു കിടക്കുന്ന വീട് കുത്തി തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തലപ്പാടി സ്വദേശി കിരണി (30)നെയാണ് മൂടുബിദ്രി, പുഞ്ചാലക്കട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മടന്തിയാറുവിലെ പ്രേമയുടെ വീട്ടില്‍ കവര്‍ച്ചയ്ക്കു ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-”മടന്തിയാറു സ്വദേശിനിയായ പ്രേമ അടുത്തിടെ വീട് പൂട്ടി ഖത്തറിലുള്ള മകന്റെ അടുത്തേയ്ക്ക് പോയിരുന്നു. ഇതിനു മുമ്പ് സി സി ടി വിയിലെ ദൃശ്യങ്ങള്‍ തല്‍സമയം ഹേരുക്കട്ടയിലുള്ള മകളുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലഭിക്കുന്നതിനുള്ള സൗകര്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി കിരണ്‍ മടന്തിയാറുവിലെ വീട്ടില്‍ എത്തി ഇരുമ്പുവടി അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് വാതില്‍ തകര്‍ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി കണ്ട പ്രേമയുടെ മകള്‍ വിവരം വീട്ടിനു സമീപത്ത് ഉള്ളവരെയും പൊലീസിനെയും അറിയിച്ചു. തുടര്‍ന്ന് അയല്‍വാസികള്‍ ഉടന്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ക്കു നേരെ ആക്രമണം നടത്തി രക്ഷപ്പെടാന്‍ കിരണ്‍ ശ്രമിച്ചുവെങ്കിലും കീഴ്പ്പെടുത്തി തടഞ്ഞുവച്ചു. തൊട്ടു പിന്നാലെ പൊലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു”. കേരളത്തിലും കര്‍ണ്ണാടകയിലും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ കിരണ്‍രാജെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page