ലഖ്‌നൗ: കല്യാണത്തിന് വിരുന്നിനായി റൊട്ടിയുണ്ടാക്കുന്നതിനിടെ അതില്‍ തുപ്പിയ പാചകക്കാരന്‍ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ദാനിഷ് എന്നയാള്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ റൊട്ടിയുണ്ടാക്കുന്നതിനിടെ അതിൽ തുപ്പുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്നാണ് പിടിയിലായത്. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ, പൊലീസ് ഇയാളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തേജ്‍വീർ സിങ് സ്ഥിരീകരിച്ചു.ഉത്തർപ്രദേശിൽ റൊട്ടിയിൽ തുപ്പിയതിന് അറസ്റ്റിലാകുന്നത് ഇത് ആദ്യസംഭവമല്ല. ഓഗസ്റ്റില്‍ ബാഗ്പത്തിൽ റോഡരികിലെ ഭക്ഷണശാലയിൽ റൊട്ടിയുണ്ടാക്കുന്നതിനിടെ പാചകക്കാരന്‍ അതിൽ തുപ്പുന്ന വിഡിയോ പ്രചരിച്ചിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് മാസത്തിൽ, മീററ്റിൽ വെച്ച് റൊട്ടിയുണ്ടാക്കുന്നതിനിടെ അതിൽ തുപ്പിയതിന് മറ്റൊരാളും അറസ്റ്റിലായിരുന്നു.







