കാസര്‍കോട്: ഹരിതകേരളം മിഷന്‍ സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ആരംഭിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ പരിപാടി ലക്ഷ്യം കണ്ടെന്നു ഹരിത കേരളംമിഷന്‍ അറിയിച്ചു. ക്യാമ്പയിന്റെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം 6ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചതിന്റെ റിപ്പോര്‍ട്ടവതരിപ്പിക്കും. ക്യാമ്പയിനില്‍ സംസ്ഥാനമൊട്ടാകെ 1,05,52,511 തൈകളാണ് ശേഖരിച്ചതെന്നു അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ സമസ്ത മേഖലയെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി.വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ വച്ചുവത്രേ.
ക്യാമ്പയിന്റെ ഭാഗമായി ലോക സൗഹൃദ ദിനത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലുമായി സുഹൃത്തുക്കള്‍ തമ്മില്‍ വൃക്ഷത്തൈകള്‍ കൈമാറുന്ന ചങ്ങാതിക്കൊരു തൈ പരിപാടി സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ ആവേശത്തോടെയാണ് നടത്തിയിരുന്നുവെന്നും. ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും ചങ്ങാതിക്കൊരു തൈ പരിപാടി നടന്നുവെന്നും കൂട്ടിച്ചേര്‍ത്തു. വൃക്ഷത്തൈകള്‍ നട്ട സ്ഥലവും തൈകളുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിന് കേരള സാങ്കേതിക സര്‍വകലാശാലയുടെ പിന്തുണയോടെ ജിയോ ടാഗിംഗ് സംവിധാനവും ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നു അറിയിപ്പില്‍പറഞ്ഞു.
ക്യാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള പുരസ്‌കാരവുംചടങ്ങില്‍ വിതരണം ചെയ്യും.







