കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന കര്‍ശനമാക്കി. ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 37.85 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ പിറക് വശത്തെ ജനറല്‍ കോച്ചിലെ ബാത്‌റൂമിനടുത്ത് ബാഗുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞ് പ്രതികള്‍ ബാഗുകള്‍ ഉപേക്ഷിച്ചു രക്ഷപ്പട്ടതാണെന്നാണ് കരുതുന്നത്. 40,725 രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങള്‍ രണ്ട് ട്രോളി ബാഗുകളിലാണ് സൂക്ഷിച്ചിരുന്നത്. ബാഗുകള്‍ തുറന്ന് പരിശോധച്ചപ്പോഴാണ് പുകയില ഉല്‍പന്ന കടത്ത് വ്യക്തമായത്. ബാഗുകളുടെ ഉടമയെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിടികൂടിയ പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ പൊലീസ് എസ് ഐ സിഎസ് സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ഗംഗാധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ്, കോഴിക്കോട് റെയില്‍വേ പൊലീസിലെ എഎസ്‌ഐ കെ ബിജു, സിപിഒ ബിനില്‍രാജ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരായ രാമകൃഷ്ണന്‍, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനുകളില്‍ പരിശോധന നടന്നത്.







