കാസർകോട്: തറവാട് ക്ഷേത്രത്തിലേയ്ക്കു പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ് കൊള്ളയടിച്ചു. ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പുത്തിഗെ, കട്ടത്തടുക്ക, എടനാട്ടെ ഈശ്വര (62) യാണ് അക്രമത്തിനും കൊളളയ്ക്കും ഇരയായത്. പെർമുദെ, മുന്നൂർ, ഹൊസ മന തറവാട് ക്ഷേത്രത്തിന്റെ ഭാരവാഹിയായ ഈശ്വര തറവാട്ടിലെ സംക്രമ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. മുന്നൂറിൽ ബസിറങ്ങി നടന്നു പോകുന്നതിനിടയിൽ വിജനമായ സ്ഥലത്തെത്തിയപ്പോൾ സ്കൂട്ടറിൽ എത്തിയ രണ്ടു പേരാണ് തടഞ്ഞു നിർത്തി ആക്രമിച്ചത്. തുടർന്ന് കൈയിൽ ഉണ്ടായിരുന്ന ബാഗും അതിനകത്തുണ്ടായിരുന്ന 43,500രൂപയുമായി അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ ആൾക്കാരെത്തി ഈശ്വരയെ കുമ്പള പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അക്രമികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. വിവിധ സ്ഥലങ്ങളിലുള്ള സി സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്.







