പയ്യന്നൂര്‍: ധനരാജ് രക്തസാക്ഷിത്വ ഫണ്ടില്‍ തട്ടിപ്പ് നടന്നുവെന്നാരോപിച്ച് വി. കുഞ്ഞികൃഷ്ണന്‍ എം എൽ എ പ്രസിദ്ധീകരിച്ച പുസ്തകം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ടി.ഐ മധുസൂദനൻ വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ. കെ. വിജയകുമാര്‍ മുഖേനയാണ് നോട്ടീസയച്ചത്. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പേരില്‍ ആറ് മാസം മുമ്പാണ് കുഞ്ഞികൃഷ്ണന്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് തുടങ്ങിയവയിലും തട്ടിപ്പ് നടന്നുവെന്ന് പുസ്തകത്തില്‍ കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിന് പിറകെ വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെ മല്‍സരിച്ച കുഞ്ഞികൃഷ്ണന്‍ സിറ്റിംഗ് എം.എല്‍.എയായ മധുസൂദനനെ വന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിറകെ ആരോപണങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചാവിഷയമാവുകയും കഴിഞ്ഞദിവസം നടന്ന ധനരാജ് രക്തസാക്ഷിത്വ ദിനാചരണവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും ടി.ഐ മധുസൂദനനും ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടപ്പോള്‍ അതിനെതിരെ പാര്‍ട്ടി അണികളില്‍ നിന്നുതന്നെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിറകെയാണ് വക്കീല്‍ നോട്ടീസ്.
ഇന്നലെ യു.ഡി.എഫ് രാമന്തളി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കവെ വി. കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ തന്നെയാണ് തനിക്ക് വക്കീല്‍ നോട്ടീസ് ലഭിച്ച കാര്യം വെളിപ്പെടുത്തിയത്. വക്കീല്‍ നോട്ടീസിന് മറുപടി നല്‍കും. ആ നോട്ടീസില്‍ കുറേകാര്യങ്ങള്‍ പറയുന്നുണ്ട്. അതൊക്കെ ഇനി കോടതിയിലാണ് തീര്‍പ്പാകേണ്ടത് അദേഹം പറഞ്ഞു.







