മംഗളൂരു: ശബരിമലയിലേക്ക് നടന്നുപോവുകയായിരുന്ന അയ്യപ്പഭക്തരെ അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. കുന്ദാപൂരിലെ അയ്യപ്പ ക്യാമ്പിൽ നിന്ന് മന്ദാർട്ടി ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലേക്കുള്ള കാൽനട തീർത്ഥാടനത്തിനിടെയാണ് സംഭവം. കോട്ടേശ്വറിനടുത്തുള്ള കുംബ്രി സ്വദേശി സുരേന്ദ്ര മൊഗവീർ (35) ആണ് മരിച്ചത്. പരിക്കേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. തെക്കാട്ടെയ്ക്ക് സമീപമുള്ള കണ്ണുകെരെയ്ക്ക് സമീപമാണ് അപകടം. 15 അയ്യപ്പ തീർത്ഥാടകർ കോട്ടേശ്വർ റൂട്ടിലൂടെ മന്ദാർട്ടി ക്ഷേത്രത്തിലേക്ക് നടന്നു പോവുക യായിരുന്നു. കണ്ണുകെരെ ദേശീയപാതയിൽ വച്ചു അമിതവേഗതയിൽ വന്ന ബൈക്ക് തീർത്ഥാടകരുടെ പിന്നിൽ ഇടിക്കുകയായിരുന്നു. സുരേന്ദ്രനെയും മറ്റൊരു തീർത്ഥാടകനെയും ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ച ആൾ അടക്കം മൂന്നുപേരും റോഡിലേക്ക് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി പൊലീസ് പറഞ്ഞു. ഒപ്പം ഉണ്ടായിരുന്ന തീർത്ഥാടകന് പരിക്കേറ്റെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട്. കോട്ടേശ്വര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബൈക്ക് യാത്രികനും ചികിത്സയിലാണ്.







