തൃശൂര്‍: കൊലക്കേസ് ഉള്‍പ്പെടെ 50ല്‍ അധികം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു വച്ച് തിങ്കളാഴ്ച രാത്രി 9.45 മണിയോടെയാണ് 45 കാരനായ ബാലമുരുകന്‍ രക്ഷപ്പെട്ടത്.
ബാലമുരുകനെതിരെ തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിരുനഗറിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനിടയിലാണ് സംഭവം.
ജയിലിന്റെ മുമ്പില്‍ വച്ച് വെള്ളം വാങ്ങാനായി കാര്‍ നിര്‍ത്തിയപ്പോള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീട്ടിനു മുന്നില്‍ താക്കോല്‍ സഹിതം നിര്‍ത്തിയിട്ടിരുന്ന ബൈക്കുമായാണ് പ്രതി കടന്നു കളഞ്ഞതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കയ്യാമം പോലും വയ്ക്കാതെ സ്വകാര്യ കാറിലാണ് പ്രതിയെ കൊണ്ടുവന്നത്. ഇതു കനത്ത വീഴ്ചയാണെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രതിയെ കണ്ടെത്താനായി വിയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







