ബിലാസ്പൂർ: ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറുമരണം. ചരക്കുവണ്ടിയും മെമു ട്രെയിനുമാണ് കൂട്ടിയിടിച്ചത്. കോർബ പാസഞ്ചർ ട്രെയിനാണ് ചരക്കു ട്രെയിനിന് മുകളിലേക്ക് ഇടിച്ചു കയറിയത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവമെന്ന് റെയിൽവെ അധികൃതർ പറഞ്ഞു.
സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായാണ് അധികൃതർ നൽകിയ പ്രാഥമിക വിവരം. ഒരേ പാളത്തിലാണ് ഈ ട്രെയിനുകൾ ഉണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഹൗറ റൂട്ടിലെ ട്രെയിൻ ഗതാഗതത്തെ അപകടം സാരമായി ബാധിച്ചിട്ടുണ്ട്. അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ യാത്ര തുടർന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ സഹായധനവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വേ അറിയിച്ചു. അപകടത്തെ തുടർന്ന് ബിലാസ്പുർ-കാട്നി റൂട്ടിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.







