കാസര്‍കോട്: തളങ്കരയിലെ ഹോട്ടല്‍ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബദര്‍ ഹോട്ടല്‍ ജീവനക്കാരനും തളിപ്പറമ്പ്, കടമ്പേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അനീഷ് (58) ആണ് മരിച്ചത്. പത്തു വര്‍ഷമായി ബദര്‍ ഹോട്ടലില്‍ ജോലി ചെയ്തു വരുന്ന ഇദ്ദേഹം ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളിലെ നിലയിലെ മുറിയിലാണ് താമസം.
എല്ലാ ദിവസവും പുലര്‍ച്ചെ നാലുമണിയോടെ അനീഷ് ആണ് ഹോട്ടല്‍ തുറന്നിരുന്നത്. ചൊവ്വാഴ്ച ഏറെ വൈകിയിട്ടും ഹോട്ടല്‍ തുറന്നു കാണാത്തതിനെ തുടര്‍ന്ന് ഉടമ താമസ സ്ഥലത്തു പോയി നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ മാലിക് ദിനാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഉറക്കത്തില്‍ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമായതെന്നു സംശയിക്കുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ഭാര്യ: യമുന. മക്കള്‍: ഹരികൃഷ്ണന്‍, ഗോപി കൃഷ്ണന്‍.
പത്തു വര്‍ഷമായി തളങ്കരയില്‍ ജോലി ചെയ്തുവരുന്ന അനീഷ് വലിയ സുഹൃത്ത് ബന്ധത്തിനു ഉടമയാണ്. ഇദ്ദേഹത്തിന്റെ ആകസ്മിക മരണവിവരം അറിഞ്ഞ് നിരവധി പേര്‍ ജനറല്‍ ആശുപത്രിയിലെത്തി.







