തളിപ്പറമ്പ്: കാണാതായ മുന്‍ ബാങ്ക് ജീവനക്കാരന്റെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ ചെറുകാട് വായനശാലയ്ക്ക് സമീപത്തെ കൂനത്തറ കെ വി ഗോപിനാഥന്‍ (69) ആണ് മരിച്ചത്. നടുവില്‍ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിനു സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നു കാണാതായ ഗോപിനാഥനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.
മരണത്തില്‍ ആദ്യം ദുരൂഹത ഉയര്‍ന്നിരുന്നു. കുടിയാന്മല പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയ്, എസ് ഐ പ്രകാശന്‍ പടിക്കല്‍ എന്നിവര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ഗോപിനാഥന്റെ മരണം ആത്മഹത്യയാണെന്ന സൂചനയാണ് ലഭിച്ചത്. നടുവിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നു ഗോപിനാഥന്‍ പെട്രോള്‍ വാങ്ങിയിരുന്നുവെന്ന വിവരമാണ് ആത്മഹത്യയെന്ന നിഗമനത്തില്‍ എത്താന്‍ കാരണം. വിശദമായ അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.







