ജോധ്പുർ: രാജസ്ഥാനിൽ ഭാരത്‍മാല എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു. അമിത വേഗതയിൽ സഞ്ചരിച്ച ടെംപോ ട്രാവലർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടം. നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്. അപകടത്തിൽപ്പെട്ട യാത്രക്കാർ ക്ഷേത്ര ദർശനത്തിനു ശേഷം ജോധ്പുരിലേക്കുള്ള മടക്ക യാത്രയിലായിരുന്നു. ജോധ്പുരിനു സമീപം ഫലോദിയിലാണ് അപകടമുണ്ടായത്.ടെംപോ ട്രാവലർ അമിത വേഗതയിലായിരുന്നുവെന്നും അപകടത്തിൽ വാഹനം പൂർണമായി തകർന്നെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ സീറ്റുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. നിരവധി യാത്രക്കാർ അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയതായും പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും പൊലീസും എക്സ്പ്രസ് വേയിലൂടെ കടന്നു പോയ മറ്റു വാഹന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കും പിന്നീട് ജോധ്പുരിലേക്കും മാറ്റി. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ ദുഃഖം രേഖപ്പെടുത്തി.സംഭവത്തിൽ അനുശോചനമറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.







