ലഖ്‌നൗ: ചിക്കന്‍ ഫ്രൈ വിളമ്പിയത് കുറഞ്ഞുപോയതിനെ ചൊല്ലി വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ കല്യാണപ്പന്തലിലാണ് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കയ്യാങ്കളിയായത്. നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്നാണ് സ്ഥിതി ശാന്തമാക്കാന്‍ കഴിഞ്ഞത്. വരന്റെ ബന്ധുക്കള്‍ക്ക് ചിക്കന്‍ ഫ്രൈ പേരിന് മാത്രം വിളമ്പിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. ഇതേ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കളെ ചിലര്‍ ചോദ്യം ചെയ്തു. മാന്യമായി വിളമ്പുന്നില്ലെന്ന് അവര്‍ ആരോപിച്ചു. വാക്കേറ്റം രൂക്ഷമായതോടെ അത് കൂട്ടത്തല്ലില്‍ കലാശിച്ചു. തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും പെട്ടുപോയെന്നും ഒരു ദൃക്സാക്ഷി പറഞ്ഞു. ഹൃദയരോഗിയായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ കൈവിട്ടതോടെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ സമാധാനിപ്പിച്ച ശേഷം, പൊലീസ് സംരക്ഷണത്തില്‍ വിവാഹം സമാധാനപരമായി നടന്നു.
പരിഭ്രാന്തരായി ഓടുന്ന ആളുകള്‍ പരസ്പരം ഉന്തും തള്ളും നടത്തുന്നതും അടിക്കുന്നതുമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രചരിക്കുന്നുണ്ട്.







