ഹാസന്‍: ഹാസന്‍, ചെന്നരായപട്ടണത്തെ പാര്‍വ്വതി അമ്മ (81)യ്ക്ക് മക്കള്‍ ആറ്. മൂന്ന് ആണും മൂന്നു പെണ്ണും. വളരെ കഷ്ടപ്പെട്ടാണ് ആറുമക്കളെയും പാര്‍വ്വതി അമ്മ വളര്‍ത്തി വലുതാക്കിയത്. മക്കളെ പോറ്റുന്നതിനിടയില്‍ തനിക്ക് ഉണ്ണാന്‍ ചോറില്ലാതിരുന്ന കാര്യം ഈ അമ്മ മക്കളെ പോലും അറിയിച്ചിരുന്നില്ല. മക്കളുടെ ശോഭനമായ ഭാവി മാത്രമായിരുന്നു അമ്മയുടെ ലക്ഷ്യം.
മക്കളെല്ലാം വളര്‍ന്നു വലുതായി സ്വന്തം കുടുംബങ്ങളായി. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതത്തിന്റെ ഉടമയായി മാറിയ പാര്‍വ്വതി അമ്മയെ തിരിഞ്ഞു നോക്കാന്‍ മക്കളാരും തയ്യാറായില്ല. ഇതിനിടയിലാണ് വാര്‍ധക്യ സഹജമായ അസുഖം കലശലായത്. മാസങ്ങള്‍ക്ക് മുമ്പ് മക്കളില്‍ ആരോ പാര്‍വ്വതി അമ്മയെ ഹാസന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അതിനു ശേഷം അവരും തിരിഞ്ഞു നോക്കിയില്ല. രോഗശമനം ഉണ്ടായതോടെ ആശുപത്രി അധികൃതര്‍ വിവരം മക്കളെ അറിയിച്ചു. പക്ഷെ അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ മക്കളില്‍ ആരും എത്തിയില്ല. രോഗിയല്ലാത്ത ഒരാളെ തുടര്‍ന്നും ആശുപത്രിയില്‍ കഴിയാന്‍ അധികൃതര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ പാര്‍വ്വതി അമ്മയെ വൃദ്ധമന്ദിരത്തിലാക്കി. ആറു മക്കളില്‍ ആരെങ്കിലും തന്നെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയുമായി കഴിയുകയായിരുന്ന പാര്‍വ്വതി അമ്മ കഴിഞ്ഞ ദിവസം ജീവിതത്തോട് വിട പറഞ്ഞു. വിവരം വൃദ്ധസദനം അധികൃതര്‍ മക്കളെ അറിയിച്ചു.
പിന്നെ സംഭവിച്ചത് മറ്റൊന്നാണ്. മാതാവിന്റെ മരണവിവരമറിഞ്ഞ് മക്കള്‍ മത്സരിച്ച് വൃദ്ധസദനത്തിലെത്തിലേയ്ക്ക് ഓടിയെത്തി. മൃതദേഹം തങ്ങള്‍ക്ക് വിട്ടുതരണമെന്നു മൂന്നു പെണ്‍മക്കളും ഒറ്റശ്വാസത്തില്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നായിരുന്നു മൂന്നു ആണ്‍മക്കളുടെയും നിലപാട്.
14 വര്‍ഷമായി തങ്ങള്‍ മാറിമാറിയാണ് അമ്മയെ പരിചരിച്ചതെന്നും മാതാവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ തങ്ങള്‍ക്ക് വിട്ടു കിട്ടണമെന്നായിരുന്നു പെണ്‍മക്കളുടെ നിലപാട്. ഇതോടെ വൃദ്ധസദനം അധികൃതര്‍ മക്കളോട് സംസാരിക്കുകയും മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇത് പ്രകാരം മൃതദേഹം സ്വദേശമായ ആലൂര്‍ താലൂക്കിലെ കൗളികജയില്‍ എത്തിച്ചു. പൗരപ്രമുഖന്മാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മൃതദേഹം പെണ്‍മക്കള്‍ക്കു വിട്ടുകൊടുക്കുകയും സംസ്‌ക്കരിക്കുകയും ചെയ്തു. മറ്റു ചടങ്ങുകള്‍ക്ക് കാത്തു നില്‍ക്കാതെ ആൺമക്കൾ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുകയും ചെയ്തു.







