മംഗളൂരു: വീട്ടിലെ എസി പൊട്ടിത്തെറിച്ച് മുറിക്ക് തീപിടിച്ചു. സ്‌ഫോടനത്തില്‍ ഫര്‍ണിച്ചറുകള്‍, വസ്ത്രങ്ങള്‍, പണം, പാസ്പോര്‍ട്ടുകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവ കത്തി നശിച്ചു. ഞായറാഴ്ച വൈകീട്ട് അഡയാര്‍പദവിലെ ഫൈസലിന്റെ വീട്ടിലാണ് എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഒരാഴ്ച മുമ്പാണ് പുതിയ എസി സ്ഥാപിച്ചതെന്നാണ് വിവരം. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീടിനകത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. തീ കെടുത്താനായി മുറി തുറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. എസിയുടെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.







