കോയമ്പത്തൂര്‍: നഗരത്തിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥിനിയെ മൂന്നുപേര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഞായറാഴ്ച രാത്രി തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ വിമാനത്താവളത്തിന് സമീപത്തുവച്ചാണ് 19 കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. വൃന്ദാവന്‍ നഗറില്‍ സുഹൃത്തുമായി കാറില്‍ സംസാരിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനിയെ മൂന്നംഗ സംഘം വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കാറില്‍ ഉണ്ടായിരുന്ന ആണ്‍സുഹൃത്തിനെ അരിവാള്‍ കൊണ്ട് വെട്ടിയ ശേഷമാണ് സംഘം വിദ്യാര്‍ഥിനിയുമായി സ്ഥലം വിട്ടത്. ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു. യുവതിയെ നഗ്നയാക്കി വഴിയില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. പരിക്കേറ്റ സുഹൃത്ത് ഉടന്‍ തന്നെ കോളേജ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. കോവില്‍പാളയത്തിനു സമീപത്തു നിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചാണ് പ്രതികള്‍ സംഭവ സ്ഥലത്ത് എത്തിയത് എന്നാണ് പൊലീസ് പറയുന്നു. വാഹനം പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ഏഴ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. പരിക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







