ന്യൂഡല്‍ഹി: അബദ്ധത്തില്‍ കുളിമുറിയില്‍ കുടുങ്ങിയ മകനെ രക്ഷിക്കുന്ന ദൃശ്യം റീല്‍സായി ചിത്രീകരിച്ച മാതാവിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. മംമ്ത ബിഷ്ട എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവച്ച വിഡിയോയ്ക്ക് നേരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അബദ്ധത്തില്‍ വാഷ് റൂമിന്റെ കതക് അകത്ത് നിന്നും ലോക്ക് ചെയ്ത കുട്ടിയോട് ആവര്‍ത്തിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കതക് തുറക്കാന്‍ സാധിക്കാത്തതും രക്ഷാപ്രവര്‍ത്തനവുമാണ് വിഡിയോയിലുള്ളത്. കുട്ടിയുടെ ദുരിതത്തെക്കാള്‍ കണ്ടന്റിന് മുന്‍ഗണന നല്‍കുന്നു എന്നാണ് പ്രധാന ആക്ഷേപം. മകന്‍ വാഷ് റൂമില്‍ കുടുങ്ങിയപ്പോള്‍ പേടിച്ചുവെന്നും അയല്‍വാസികളെ വിളിച്ചു രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചുവെന്നും വിഡിയോവില്‍ റീലില്‍ പറയുന്നുണ്ട്.
ബാത്ത്‌റൂമിനുള്ളില്‍ കുട്ടി കരയുമ്പോള്‍ വിഷമത്തിലായി നില്‍ക്കുന്ന യുവതി വാതില്‍ തള്ളുന്നതും മതിലിന് മുകളിലൂടെ കുട്ടിയെ രക്ഷിക്കാന്‍ നോക്കുന്നതുമാണ് വിഡിയോയിലുള്ളത്. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് കുട്ടിയെ രക്ഷിച്ചത്. ഏണിയും കമ്പുമായെത്തിയ അയല്‍ക്കാര്‍ വാഷ്‌റൂമിലേക്ക് ജനലിലൂടെ കമ്പ് ഇറക്കി തുറന്നാണ് കുട്ടിയെ രക്ഷിച്ചത്. അമ്മമാര്‍ ഇത്തരം സന്ദര്‍ഭത്തില്‍ ചെയ്യേണ്ടതെന്തെന്ന് പറഞ്ഞാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തത്. മകന്‍ ബാത്ത്‌റൂമില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ എങ്ങനെയാണ് വിഡിയോ ചെയ്യാന്‍ തോന്നുന്നു എന്നാണ് വിമര്‍ശനം. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ റീലിനാണ് മുന്‍തൂക്കം നല്‍കിയതെന്നും വിമര്‍ശനമുണ്ട്.







