ഹോട്ടലിന് മുന്നില്‍ കാര്‍ യാത്രക്കാര്‍ തമ്മില്‍ തര്‍ക്കം; കയ്യാങ്കളിയറിഞ്ഞെത്തിയ പൊലീസ് പുത്തന്‍ ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി, മൂന്നു പേര്‍ കസ്റ്റഡിയില്‍

പയ്യന്നൂര്‍: പിലാത്തറ ദേശീയപാതയില്‍ പുത്തന്‍ ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. മൂന്നുപേരെ പരിയാരം സി.ഐ. കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്‍കി വിട്ടയച്ചു. പുഷ്പഗിരിയിലെ നഹലാസില്‍ നാസിഫ് (22), അമ്മംകുളത്തെ ഷംനാസില്‍ മുഹമ്മദ്ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീല്‍ (38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ അതിസമര്‍ഥമായ ഇടപെടലിലൂടെയാണ് കുഴല്‍പ്പണ കടത്ത് പിടികൂടാന്‍ കഴിഞ്ഞത്. ഈമാസം 28ന് ഉച്ചക്ക് പിലാത്തറ ദേശീയപാതയില്‍ വനിതാ ഹോട്ടലിന് സമീപം കാര്‍ യാത്രികര്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. സംഘര്‍ഷത്തിനിടെ ഇന്നോവ കാറിന്റെ ഗ്ലാസ് തകര്‍ന്നിരുന്നു. ഈ വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇന്നോവ കാര്‍ സ്റ്റേഷനിലേക്ക് എടുപ്പിക്കുകയും കാര്‍ ഓടിച്ചിരുന്ന ആളുടെ പരാതിയില്‍ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ ഇന്നോവ കാറിന് രജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. ഫോര്‍ രജിസ്റ്റര്‍ എന്ന ബോര്‍ഡാണുണ്ടായിരുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രവീലില്‍ നിന്ന് മുഹമ്മദ്ഷാഫി ലീസിന് വാങ്ങിയതാണ് കാറെന്ന് നസീം പറഞ്ഞു. സംശയം തോന്നിയ പൊലീസ് ആര്‍.സി ഓണറെയും ലീസിനെടുത്തയാളെയും കൂട്ടിവരുന്നതുവരെ വാഹനം ഇവിടെ കിടക്കട്ടേയെന്ന് പറഞ്ഞു. തുടര്‍ന്ന് ഒരു വര്‍ക്ക് ഷോപ്പുകാരനെ കൊണ്ടുവന്ന് വാഹനം പരിശോധിച്ചു. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മറ്റൊരു വര്‍ക്ക്ഷോപ്പുകാരനെ കൊണ്ടുവന്ന് കാര്‍ വീണ്ടും വിശദമായി പരിശോധിച്ചു. ഹാന്റ്ബ്രേക്കില്‍ തട്ടിനോക്കിയപ്പോള്‍ ശബ്ദവ്യത്യാസം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹാന്റ്ബ്രേക്കിന് അടുത്ത് ഒരു പ്രത്യേക അറ കണ്ടെത്തി. ഈ അറക്കകത്ത് നിറയെ 100, 200, 500 രൂപ കവറില്‍ സൂക്ഷിച്ചനിലയിലായിരുന്നു. പണം എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ 80 ലക്ഷം രൂപ വരുമെന്ന് കണ്ടെത്തി. കസ്റ്റഡിയിലായവരെ
വിശദമായി ചോദ്യംചെയ്തപ്പോഴാണ് കുഴല്‍പ്പണമാണെന്ന സൂചന ലഭിച്ചത്. തുടര്‍ന്ന് മൂന്നുപേര്‍ക്കും നോട്ടീസ് നല്‍കി. പിടിച്ചെടുത്ത പണം പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
പ്രിന്‍സിപ്പല്‍ എസ്.ഐ സി.സനീത്, എസ്.ഐമാരായ കൃഷ്ണപ്രിയ, ഷാജിമോന്‍, വിനയന്‍ എന്നിവരും കുഴല്‍പ്പണവേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page