മന്ത്രി വി. ശിവന്‍കുട്ടിയുടെ കോലം കത്തിക്കല്‍: കണ്ണൂരിലെ യുവജന-വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ സിപിഐ നടപടിക്കൊരുങ്ങുന്നു

കണ്ണൂര്‍: പി.എം ശ്രീ പദ്ധതിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ കോലം കത്തിച്ച യുവജന വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ സിപിഐ നടപടിക്കൊരുങ്ങുന്നു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി രജീഷ്, ജില്ലാ സെക്രട്ടറി കെ.വി സാഗര്‍, ജില്ലാ പ്രസിഡണ്ട് കെ.ആര്‍ ചന്ദ്രകാന്ത്, വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ ഇസ്മയില്‍, എന്നിവരോട് വിശദീകരണം തേടാന്‍ സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. നാലു പേര്‍ക്കും നോട്ടീസ് നല്‍കാനും തീരുമാനമായി.
പിഎം ശ്രീയില്‍ ഒപ്പുവച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം നടത്താന്‍ എഐവൈഎഫും എഐഎസ്എഫും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ കോലം കണ്ണൂരില്‍ കത്തിച്ചത്.
ഇത് സിപിഎം നേതൃത്വത്തിന്റെ കടുത്ത പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അതൃപ്തി സിപിഐ നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ കൂടിയായ നാലുപേരോടും വിശദീകരണം തേടാന്‍ തീരുമാനിച്ചത്. വിശദീകരണം ലഭിച്ച ശേഷം അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന.
അതേ സമയം വിശദീകരണ നോട്ടീസ് നല്‍കാനുള്ള തീരുമാനം സിപിഐയുടെ യുവജന- വിദ്യാര്‍ത്ഥി നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
പിഎംശ്രീ പദ്ധതിക്കെതിരായ സമരത്തില്‍ സംഘടനാ നിലപാട് നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
2009ല്‍ പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഇതിലും ശക്തമായ സമരം എഐഎസ്എഫ് നടത്തിയിരുന്നുവെന്നും അന്നൊന്നും പാര്‍ട്ടി നേതൃത്വം ഇടപെട്ടിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരള കോണ്‍ഗ്രസ് ചെറിയ കക്ഷിയും സിപിഎം വലിയ കക്ഷിയുമായതു കൊണ്ടാണോ ഇപ്പോള്‍ വിശദീകരണം ആവശ്യപ്പെട്ടതെന്നും അസംതൃപ്ത വിഭാഗം ചോദിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page