കാസര്‍കോട്: പെര്‍മുദയിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു കവര്‍ച്ച ചെയ്തതു ഒമ്പതു പവന്‍ രണ്ടു ഗ്രാം സ്വര്‍ണ്ണവും 10,000 രൂപയുമാണെന്നു വീട്ടുകാര്‍ സ്ഥിരീകരിച്ചു. കവര്‍ച്ചാ വിവരം അറിഞ്ഞ ഇന്നലെ 20 പവന്‍ സ്വര്‍ണ്ണാഭരണം കൊള്ളയടിച്ചുവെന്നാണ് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നത്. പണവും സ്വര്‍ണ്ണവും സൂക്ഷിച്ചിരുന്ന എല്ലാ അലമാരകളും മോഷ്ടാക്കള്‍ പൊളിച്ചിരുന്നതിനാലാണ് ഇങ്ങനെ കരുതിയതെന്നു പറയുന്നു. എന്നാല്‍ തുടര്‍ന്നു നടത്തിയ സൂക്ഷ്മമായ പരിശോധനയിലാണ് അഞ്ചു പവന്റെ ഒരുമാലയും നാലുപവന്റെ മറ്റൊരുമാലയും രണ്ടു ഗ്രാമിന്റെ ഒരു മോതിരവും ആണ് കവര്‍ച്ച ചെയ്തതെന്നു സ്ഥിരീകരിച്ചത്. അതേസമയം വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഇന്നു രാവിലെ അന്വേഷണത്തിന്റെ ഭാഗമായി കവര്‍ച്ച നടന്ന വീട്ടിലെത്തുമെന്നു പൊലീസ് പറഞ്ഞു. കവര്‍ച്ച നടന്ന വീടു ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കുമ്പള പൊലീസ് കേസന്വേഷണം ബദിയഡുക്ക പൊലീസിനു കൈമാറി.







