കാസര്‍കോട്: പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനു കേന്ദ്രവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെട്ട കരാറിനെതിരെ എഐവൈഎഫ്-എഐഎസ്എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. വിദ്യാഭ്യാസ വകുപ്പു ഒപ്പിട്ട കരാറിലെ ധാരണകള്‍ വ്യക്തമാക്കുക, സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാര്‍ ഇടപെടല്‍ തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രകടനം. ആര്‍.എസ്.എസിന്റെ തിട്ടൂരം നടപ്പാക്കാനുള്ള ശ്രമം സര്‍വ്വശക്തിയുമുപയോഗിച്ചു തടയുമെന്നു പ്രകടനം മുന്നറിയിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഇടതു പക്ഷ നയത്തിനും നിലപാടിനുമെതിരായാണ് പി.എം ശ്രീ പദ്ധതി നടപ്പാക്കാന്‍ സമ്മതിച്ചതെന്ന് പ്രകടനം ആരോപിച്ചു. പണം ലാക്കാക്കിക്കൊണ്ട് ഇത്തരമൊരു പരിപാടി നടപ്പാക്കാനാണ് ഭാവമെങ്കില്‍ കേരളത്തിലതു നടക്കില്ലെന്നു പ്രവര്‍ത്തകര്‍ മുന്നറിയിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് പ്രകടനം ഉദ്ഘാടനം ചെയ്തു. ധനേഷ്, പ്രജിത്ത്, പ്രകാശന്‍ പള്ളിക്കാപ്പില്‍, ശ്രീജിത്ത് കുറ്റിക്കോല്‍, കെ.വി ദിലീഷ് നേതൃത്വം നല്‍കി.







