പാചക വാതക സിലിണ്ടര്‍ മാറ്റിയിടുന്നതിനിടെ തീപടര്‍ന്നു; ചേറ്റുകുണ്ടില്‍ വനിതകള്‍ നടത്തുന്ന തട്ടുകടയ്ക്ക് തീപിടിച്ചു, ഫയര്‍ഫോഴ്‌സെത്തി തീയണച്ചു

കാസര്‍കോട്: ചിത്താരി ചേറ്റുകുണ്ടില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് തട്ടുകടയ്ക്ക് തീപിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. രാവണേശ്വരത്തെ ഭാസ്‌കരന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വനിതകള്‍ നടത്തുന്ന ശ്രീ മൂകാംബിക വനിതാ ഹോട്ടലില്‍ ആണ് തീപിടിത്തം ഉണ്ടായത്. പാചക വാതക സിലിണ്ടര്‍ മാറ്റിയിടുന്നതിനിടെ തീപിടിക്കുകയായിരുന്നു. ഉടന്‍തന്നെ തട്ടുകടയിലുണ്ടായിരുന്ന സ്ത്രീകള്‍ ഉപകരണങ്ങളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രണ്ടുമൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ അകത്തുണ്ടായതിനാല്‍ ആശങ്കയിലായിരുന്നു നാട്ടുകാര്‍. സിലിണ്ടറില്‍ നിന്ന് തീ വലുതായി പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് വാഹനമെത്തി തീയണച്ചു. പൊലീസും സ്ഥലത്തെത്തിയിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഇടി മുകേഷ്, ഷിജു, അനിലേഷ്, ശ്രീദേവ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page