കാസര്‍കോട്: നീലേശ്വര നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നാലുപേരെ കടിച്ച് ഭീതിപരത്തിയ തെരുവ് നായയെ ചത്തനിലയില്‍ കണ്ടെത്തി. നായയുടെ കടിയേറ്റ കരുവാച്ചേരിയിലെ മീന (52) അച്ചാംതുരുത്തിയിലെ ബേബി (50), കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന് സമീപത്തെ പിസി ജോണി (75), രാമരത്തെ സുശീല(59) എന്നിവര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ടാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയ നായയ്ക്ക് പേ ഉണ്ടെന്നാണ് സംശയിക്കുന്നത്. നീലേശ്വരം നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആനച്ചാല്‍, കടിഞിമൂല, ഓര്‍ച്ച, കോട്ടപ്പുറം, പുറത്തേക്കൈ എന്നീ ഭാഗങ്ങളിലാണ് തെരുവ് നായയുടെ ശല്യം രൂക്ഷമായിരിക്കുന്നത്.







