കാസർകോട്: കോട്ടിക്കുളത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്ന് കണ്ടെത്തിയ പുരാവസ്തു ശേഖരത്തിൽ അമൂല്യ വസ്തുക്കളും വിദേശത്തുനിന്നു കൊണ്ടുവന്ന സാധനങ്ങളും ഉള്ളതായി സ്ഥിരീകരിച്ചു .ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശ്ശൂർ മേഖല ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തോക്കുകളും വാളുകളും വിവിധ പാത്രങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങളാണ് പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുളള വീട്ടിലും ഒറ്റമുറി കെട്ടിടത്തിൽ നിന്നും കണ്ടെത്തിയത്. ഇവയിൽ ഏതാനും സാധനങ്ങൾ വിദേശനിർമ്മിതമാണെന്നും ഗൾഫിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ കൊണ്ടുവന്നതാണെന്നും പുരാവസ്തു വിദഗ്ധർ കണ്ടെത്തി. ഇത് സംബന്ധിച്ച് പുരാവസ്തു അധികൃതർ ബേക്കൽ പൊലീസിനു റിപ്പോർട്ട് നൽകി .പ്രസ്തുത റിപ്പോർട്ട് തുടർ നടപടികൾക്കായി ജില്ലാ കലക്ടർക്ക് കൈമാറി .റിപ്പോർട്ട് പ്രകാരം പുരാവസ്തുക്കളെന്ന് സ്ഥിരീകരിക്കപ്പെട്ട സാധനങ്ങൾ പുരാവസ്തു അധികൃതർ ഏറ്റെടുക്കും . ആഗസ്റ്റ് 18ന് ആണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെയുള്ള പഴയ വീട്ടിലും ഒറ്റമുറി കെട്ടിടത്തിലും പുരാവസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കെട്ടിടങ്ങളിൽ ബേക്കൽ പൊലീസ് പരിശോധന നടത്തിയത് .തുടർന്ന് പുരാവസ്തുക്കൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തുകയും വിവരം പുരാവസ്തു വകുപ്പ് തൃശൂർ മേഖല കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വിദഗ്ദ്ധ സംഘം രണ്ടുതവണ കോട്ടിക്കുളത്ത് എത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് സംഘം റിപ്പോർട്ട് നൽകിയത്. പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് ഏർപ്പെടുത്തിയ പൊലീസ് കാവൽ തുടരുകയാണ്.







