മൊഗ്രാൽ: മൊഗ്രാൽ പുഴയിലെ ജലാശയത്തിലും,കടലോരത്തും മാലിന്യ നിക്ഷേപം ദുസ്സഹമാവുന്നു.മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഒരു വലിയ ദുരന്തമായി നിൽക്കുകയും,നിരവധി പേർ ദിവസേനയെന്നോണം മരണത്തിന് കീഴടങ്ങുകയും ചെയ്യുമ്പോഴും അത് ജലാശയത്തിലൂടെയാണ് പടരുന്നതെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പും അവഗണിച്ചാണ് ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത്.ഇത് പുഴയോര- കടലോരവാസികൾക്ക് ആശങ്ക വർധിപ്പിക്കുന്നു.
മാലിന്യനിർമ്മാർജ്ജനത്തിൽ കേരളം മാതൃകയെന്നാണ് വകുപ്പ് മന്ത്രി എം ബി രാജേഷ് ആവർത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ വർധിക്കുന്നത്. വീടുകളിൽ നിന്ന് ഇ- മാലിന്യ ശേഖരണം തുടങ്ങിയിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് നൽകാതെ വലിച്ചെറിയൽ സംസ്കാരം ശീലമാക്കിയവരാണ് പുഴയോര ജലാശയത്തിലേക്കും,കടൽ തീരത്തേക്കും മാലിന്യങ്ങൾ വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്നത്.
വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ നിന്ന് 5% ഇളവു അനുവദിക്കാൻ പോലും തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങൾക്ക് ഈയിടെ സർക്കാർ അനുമതി നൽകിയിരുന്നു.ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.എന്നിട്ടും ചിലർ ഈ വലിച്ചെറിയൽ സംസ്കാരം നിർത്തുന്നില്ല.
പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് ലോഡ് കണക്കിന് മാലിന്യം റോഡരികിലും തള്ളുന്നുണ്ട്.തള്ളുന്നവരുണ്ട്.വിദ്യാനഗർ സ്റ്റേഡിയത്തിന് സമീപവും ബദിയടുക്കയിലും, കുമ്പള ഷിറിയയിലും കഴിഞ്ഞ ദിവസം മാലിന്യം തള്ളൽ പിടികൂടിയിരുന്നു.







