കാസര്‍കോട്: റോഡപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്ന് വീല്‍ചെയറിലും കിടക്കയിലും ദുരിത ജീവിതം നയിക്കുന്ന മകളെ രക്ഷപ്പെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഉദുമയിലെ സിപിഎം നേതാവായ പി.വി ഭാസ്‌കരന്‍ ആണ് വ്യാഴാഴ്ച വൈകുന്നേരം ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിക്കു പരാതി നല്‍കിയത്. റോഡപകടത്തില്‍ പരിക്കേറ്റ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സിച്ചിട്ടും ഫലം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ മകളെ ചികിത്സിച്ച് ഭേദമാക്കാമെന്നു മോഹിപ്പിച്ച്, മകളെ വശത്താക്കിയ സിദ്ധനെന്നു പറയുന്ന തൃക്കരിപ്പൂരിലെ റാഷിദിനും ഇയാളുടെ സഹായി തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശി അര്‍ജുന്‍ എന്നയാള്‍ക്കും എതിരെ വിശദമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ചികിത്സയുടെ മറവില്‍ മകളെ ബ്രെയിന്‍ വാഷ് ചെയ്ത് വശത്താക്കുകയും മതം മാറ്റാന്‍ ശ്രമിച്ചുവെന്നും കല്യാണ വാഗ്ദാനം നല്‍കി വശീകരിച്ചുവെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതായി പി.വി ഭാസ്‌കരന്‍ പറഞ്ഞു.
കോടിയില്‍പ്പരം രൂപ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു ഗൂഢാലോചന നടത്തിയതെന്നും പരാതിയില്‍ പറഞ്ഞു. ഭാര്യയും മക്കളും ഉള്ള ഒരാള്‍ക്ക് അരക്കു താഴെ ചലനശേഷി ഇല്ലാത്ത മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ തയ്യാറാകാത്തതിന്റെ വിരോധത്തില്‍ തനിക്കെതിരെ ഗൂഢാലോചന ഉണ്ടായി എന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് മകളെയും തന്റെ കുടുംബത്തെയും രക്ഷിക്കണമെന്നും പരാതിയില്‍ അഭ്യര്‍ത്ഥിച്ചു. മകളെ കുടുക്കിയവരുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്നും സിദ്ധനെതിരെ അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തിയ കാര്യങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും പിവി ഭാസ്‌കരന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി ഗള്‍ഫില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ തനിക്ക് ലഭിച്ചതായി ഭാസ്‌കരന്‍ വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനെന്നു പറയുന്ന ഒരാളുടെ ബന്ധുവെന്നാണ് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞത്. ആരു ആവശ്യപ്പെട്ടാലും പണം കൊടുക്കരുതെന്നു ഫോണ്‍ ചെയ്തയാള്‍ ഉപദേശിച്ചതായി ഭാസ്‌കരന്‍ വെളിപ്പെടുത്തി. അതേ സമയം മകള്‍ മരുന്ന് കഴിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഇതിനു പിന്നില്‍ സിദ്ധനും സിദ്ധന്റെ പ്രധാന സംഘാംഗമായ തളിപ്പറമ്പ് കീഴാറ്റൂരിലെ അര്‍ജുനന്‍ ആണെന്നു സംശയിക്കുന്നതായും ഭാസ്‌കരന്‍ വ്യക്തമാക്കി.







