ചാക്കയില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം കഠിന തടവും 12 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം കഠിന തടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്‌സോ) ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയാണ് ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയത്. പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതായ കുട്ടിയെ അതേ ദിവസം രാത്രിയില്‍ തന്നെ അബോധാവസ്ഥയില്‍ കണ്ടെത്തി.
ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ പ്രതിയെ കണ്ടെത്തുന്നതിനായി കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തുള്ള ബ്രഹ്‌മോസിന്റെ എന്‍ട്രി ഗേറ്റിലെയും പരിസര പ്രദേശത്തുമുള്ള മറ്റ് സി.സി.ടി.വി.കളിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രക്ഷപ്പെട്ട പ്രതി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലാകുന്നത്. 41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.ഹസ്സന്‍കുട്ടിക്ക് പോക്‌സോ ഉള്‍പ്പെടെ മറ്റ് നിരവധി കേസുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധനയില്‍ ഒന്നാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ വസ്ത്രത്തില്‍നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും കേസില്‍ നിര്‍ണായകമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page