സഹോദരനുമായി വഴിവിട്ട ബന്ധം; തടസമായത് മകള്‍; ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ കേസില്‍ മാതാവ് ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ കേസില്‍ മാതാവ് ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തത്. ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതില്‍ ശ്രീതുവിന്റെ പങ്ക് വ്യക്തമെന്ന് പൊലീസ് പ്രതികരിച്ചു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 30നാണ് കുട്ടിയെ വീടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. നേരത്തെ കുട്ടിയുടെ പിതാവ് ശ്രീജിത്തും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തില്‍ ശ്രീതുവിനെതിരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി മാറ്റിയത്.
തിരുവനന്തപുരം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്‍ ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ഹരികുമാര്‍ എസ്പിയോട് ശ്രീതുവിന്റെ പേര് വെളിപ്പെടുത്തിയത്. ഹരികുമാറിന്റെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് പാലക്കാട് പോയ ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സംഭവദിവസം രാത്രി ഹരികുമാറിന്റെ മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page