മദ്യപിച്ച് പൂസായി വാഹനപരിശോധന, പിഴ ആവശ്യപ്പെട്ടു; എംവിഡി ഉദ്യോഗസ്ഥനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ മദ്യലഹരിയില്‍ വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. എറണാകുളം ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുവിനെയാണ് ജനങ്ങള്‍ തടഞ്ഞത്. ആര്‍ടിഒ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇദ്ദേഹം വാഹനങ്ങള്‍ പരിശോധിച്ചിരുന്നത്. ഇയാള്‍ക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്തുമണിയോടെ തൃക്കാക്കര തോപ്പില്‍ ജങ്ഷനില്‍ ആയിരുന്നു സംഭവം. ഒരു യുവതിയും കുടുംബവും മത്സ്യവില്‍പന നടത്തിവരികയായിരുന്നു. മത്സ്യവില്‍പ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെ ഒരു ഓട്ടോ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോള്‍ തന്റെ ഭര്‍ത്താവിന്റേതാണെന്ന് യുവതി മറുപടി നല്‍കി. ഈ ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തില്‍ ഗുഡ്‌സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കാനും ആവശ്യപ്പെട്ടു. നാവുകുഴഞ്ഞാണ് ഉദ്യോഗസ്ഥന്‍ സംസാരിച്ചിരുന്നത്. കൂടാതെ ഇയാള്‍ യൂണിഫോമിലും ആയിരുന്നില്ല. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഉദ്യോഗസ്ഥനെ തടഞ്ഞുനിര്‍ത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്. മല്‍സ്യവില്‍പനക്കാരിയുടെ കുടുംബത്തിന്റെ പരാതിയിലും മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസ് കേസെടുത്തു. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണവും വന്നിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page