കാസര്‍കോട്: ചെര്‍ക്കള ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് റോഡിലെ അപകടകരമായ കുണ്ടും കുഴികളും നികത്തി ഉടന്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ 29 മുതല്‍ കാസര്‍കോട്-ചെര്‍ക്കള-നെല്ലിക്കട്ട-ബദിയടുക്ക-പെര്‍ള റൂട്ടിലും പൈക്ക-മുള്ളേരിയ റൂട്ടിലും സ്വകാര്യ ബസ് സര്‍വീസ് അനിശ്ചിത കാലത്തേക്ക് നിറുത്തിവയ്ക്കുമെന്ന് പ്രൈഡ് ബസ് തൊഴിലാളി യൂണിയന്‍ ബദിയഡുക്ക മേഖല പ്രസിഡന്റ് ഹാരിസ് ബദിയടുക്ക മുന്നറിയിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ, കാസര്‍കോട്ട് നിന്ന് അവിടേക്കുള്ള അന്തര്‍ സംസ്ഥാന റോഡ് ആകെ തകര്‍ന്നിരിക്കുകയാണെന്നു ജില്ലാ കളക്ടര്‍ എന്‍.എ നെല്ലിക്കുന്നു എം.എല്‍.എ, പിഡബ്ല്യുഡി, കിഫ്ബി, ആര്‍.ടി.ഒ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഹാരിസ് പറഞ്ഞു. ഈ റോഡിലെ അഗാധ കുഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ പതിവായി വീഴുന്നു. നിരവധി പേര്‍ക്കു പരിക്കേറ്റുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളെ കുത്തി നിറച്ചു കൊണ്ടുപോവുന്ന സ്വകാര്യ ബസ്സുകള്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ജീവനക്കാര്‍ ബുദ്ധിമുട്ടു സഹിക്കുന്നു. ഇക്കാര്യം അധികൃതരെ നിരന്തരം അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കിന് നിര്‍ബന്ധിതരായിട്ടുള്ളതെന്ന് അറിയിപ്പില്‍ ഹാരിസ് പറഞ്ഞു.








