കാസർകോട്: കൊടക്കാട് വെള്ളച്ചാലിൽ നടന്ന നബിദിന ഘോഷയാത്രയെ സ്വീകരിക്കാൻ എത്തിയത് മാവേലിയും സംഘവും. വെള്ളച്ചാൽ മുസ്ലീം ജമാഅത്ത് നബിദിനാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഖൈറുൽ വറാ’26’ നബിദിന ക്യാമ്പയിൻ ഭാഗമായി നടന്ന പ്രവാചക കീർത്തന ഘോഷയാത്രയിലാണ് സംഭവം. തെക്കേ വെള്ളച്ചാൽ ബിമാൻസ് ക്ലബ്ബിന്റെ പ്രവർത്തകരാണ് മാവേലി വേഷം ധരിച്ച് നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകിയത്. മധുര പാനിയങ്ങളും, മധുര പലഹാരങ്ങളുമായാണ് മാവേലിയും സംഘവും ഘോഷയാത്രയെ വരവേറ്റത്.
ജന്മിത്വത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി ചരിത്രപ്രസിദ്ധമായ പന്തിഭോജനം അടക്കമുള്ള സമരങ്ങൾ നടന്ന നാടാണ് വെള്ളച്ചാൽ. ഉത്രാട നാളിൽ നബിദിനാഘോഷം വെള്ളച്ചാലിന്റെ സാഹോദര്യം വിളിച്ചോതി.







