ഉത്രാടത്തിന് കുടിച്ചത് 137 കോടിയുടെ മദ്യം; മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ഒന്നാമത് കരുനാഗപ്പള്ളി

തിരുവനന്തപുരം: മദ്യമില്ലാതെ മലയാളിക്കെന്ത് ഓണാഘോഷം. സംസ്ഥാനത്ത് ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്രാട ദിനമായ ഇന്നലെ മാത്രം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ 137 കോടി രൂപയുടെ മദ്യം വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തെ ഉത്രാട ദിനത്തേക്കാള്‍ 11 കോടി രൂപയുടെ അധിക വില്‍പന.
കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തില്‍ മദ്യ വില്‍പ്പന 126 കോടി രൂപയായിരുന്നു. അത്തം മുതല്‍ ഉത്രാടം വരെയുള്ള മദ്യ വില്‍പനയെയാണ് ബെവ്‌കോ ഓണക്കാല മദ്യ വില്‍പനയായി കണക്കാക്കുന്നത്. ഈ 10 ദിവസം ഇത്തവണ സംസ്ഥാനത്തെ ബിവറേജസ് ഔട്ടലെറ്റുകളിലൂടെ നടന്ന ആകെ വില്‍പന 826 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 776 കോടി രൂപയായിരുന്നു. 56 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ഉത്രാട ദിനത്തില്‍ 6 ബിവറേജസ് ഔട്ടലെറ്റുകളില്‍ 1 കോടി രൂപയ്ക്കു മുകളില്‍ മദ്യ വില്‍പന നടന്നു. കരുനാഗപ്പള്ളിയാണ് മദ്യ വില്‍പനയില്‍ ഒന്നാമത്. ഇവിടെ 1.46 കോടി രൂപയുടെ മദ്യ വില്‍പനയാണ് ഉത്രാട ദിനത്തില്‍ ഉണ്ടായത്. കൊല്ലം ആശ്രാമം ഔട്ട് ലെറ്റ് ആണ് രണ്ടാമത്. ഇവിടെ വിറ്റത് 1.24 കോടി രൂപയുടെ മദ്യമാണ്. മൂന്നാം സ്ഥാനം എടപ്പാള്‍ കുറ്റിപ്പാല ഔട്ട്‌ലെറ്റ്. ഇവിടെ വിറ്റത് 1.11 കോടി രൂപയുടെ മദ്യം.
നാലാം സ്ഥാനത്തുള്ളത് ചാലക്കുടി ഔട്ട്‌ലെറ്റ്. ഇവിടെ 1.07 കോടി രൂപയുടെ മദ്യ വില്‍പന നടന്നു. തിരുവോണദിവസവും ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലും സംസ്ഥാനത്തെ ബെവ്‌കോ ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ ഉത്രാട ദിവസം മദ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page