മകന്റെ പിറന്നാള്‍ സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കം; ഭാര്യയെയും ഭാര്യാമാതാവിനെയും കത്രിക കൊണ്ട് കുത്തിക്കൊന്നു

ന്യൂഡല്‍ഹി: മകന്റെ പിറന്നാള്‍ ആഘോഷത്തിനിടെ നടന്ന തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിക്കൊന്നു. ഡല്‍ഹി രോഹിണി സെക്ടര്‍ 17 ലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്രിയ സെഹ്ഗാള്‍ (34), കുസും സിന്‍ഹ (63) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രിയയുടെ ഭര്‍ത്താവ് യോഗേഷ് സെഹ്ഗാളിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 15 വയസുള്ള മകന്‍ ചിരാഗിന്റെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു കുടുംബം. പ്രിയയുടെ മാതാവും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതിനിടെ പിറന്നാള്‍ സമ്മാനത്തെച്ചൊല്ലി പ്രിയയും ഭര്‍ത്താവ് യോഗേഷ് സെഹ്ഗാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍ ഭാര്യയുടെ മാതാവ് കുസും സിന്‍ഹ അവിടെ തങ്ങി. ശനിയാഴ്ച രാവിലെ വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ യോഗേഷ് കത്രികയെടുത്ത് ഭാര്യയെ കുത്തി. തടയാന്‍ ചെന്ന ഭാര്യാമാതാവിനെയും കുത്തിപ്പരിക്കേല്‍പിച്ചു.
ശനിയാഴ്ച പ്രിയയുടെ സഹോദരനായ മേഘ് മാതാവിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പ്രിയയുടെ വീട്ടിലെത്തിയപ്പോള്‍ ഫ്‌ളാറ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. വാതിലിനടുത്ത് രക്തക്കറയും കണ്ടെത്തി. ഉടന്‍ തന്നെ മറ്റ് കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. പിന്നീട് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് മാതാവും സഹോദരിയും രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ചെറിയ പ്രശ്‌നങ്ങളും പതിവായുള്ള വഴക്കുകളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. യോഗേഷിന്റെ രക്തം പുരണ്ട വസ്ത്രങ്ങളും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു കത്രികയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
തൊഴില്‍രഹിതനുമായ യോഗേഷ് സെഗാള്‍ ഇരുവരെയും കൊലപ്പെടുത്തിയ ശേഷം കുട്ടികളുമായി കടന്നുകളഞ്ഞതായാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page