ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി, നിരസിച്ച യുവതിയെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി യുവാവ്

ബംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ചന്ദനഹള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം. 32 വയസ്സുകാരിയായ ശ്വേത ആണ് മരിച്ചത്. സംഭവത്തില്‍ ശ്വേതയുടെ സുഹൃത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പു ജോലിസ്ഥലത്തുവച്ചാണ് ശ്വേതയും രവിയും പരിചയപ്പെടുന്നത്. ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ ശ്വേത, മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
രവി വിവാഹിതനാണ്. അടുത്തിടെ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ സൗഹൃദത്തിലാവുകയായിരുന്നു. അതിനിടെ ശ്വേതയോട് രവി പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ അനുകൂലമായ മറുപടി യുവതി നല്‍കിയില്ല. ബുധനാഴ്ച ഒരുസ്ഥലത്ത് പോകാനുണ്ടെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി. വഴിയില്‍ വച്ച് വീണ്ടും വിവാഹ അഭ്യര്‍ഥന നടത്തി. ഭാര്യയെ ഉപേക്ഷിക്കാന്‍ തയാറാണെന്നും രവി പറഞ്ഞെങ്കിലും ശ്വേത വഴങ്ങിയിരുന്നില്ല. പ്രകോപിതനായ രവി, തടാകത്തിലേക്ക് കാര്‍ ഓടിച്ചിറക്കുകയായിരുന്നു. രവി നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മുങ്ങിമരിച്ചു. ചോദ്യം ചെയ്യലില്‍, കാര്‍ നിയന്ത്രണംവിട്ട് തടാകത്തില്‍ വീണതാണെന്നും താന്‍ നീന്തി രക്ഷപ്പെട്ടെന്നും എന്നാല്‍ ശ്വേതയ്ക്ക് അതിന് കഴിഞ്ഞില്ലെന്നുമാണ് രവി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ശ്വേതയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രവിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page