കാസര്‍കോട്: കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അധ്യാപകന്‍ അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി പിടിഎ പ്രസിഡന്റ് എം മാധവന്‍. വിദ്യാര്‍ത്ഥിയെ അടിച്ചെന്ന് അധ്യാപകന്‍ സമ്മതിച്ചെന്നും അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്നും ഹെഡ്മാസ്റ്റര്‍ വിശദീകരിച്ചെന്നു പിടിഎ പ്രസിഡന്റ് എം മാധവന്‍ പറഞ്ഞു. കുട്ടിക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്നും എം മാധവന്‍ പറഞ്ഞു.
സംഭവസമയം അധ്യാപകന്റെ ഒരു കൈയില്‍ മൈക്ക് ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ കൈ വീശുകയായിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. പ്രധാനാധ്യപകന്‍ മനഃപൂര്‍വം ചെയ്തതാണെന്ന ധാരണ പിടിഎ കമ്മിറ്റിക്ക് ഇല്ലെന്ന് മധവന്‍ പറഞ്ഞു. എന്നാല്‍ അധ്യാപകന് വീഴ്ച സംഭവിച്ചെന്നുള്ള ധാരണ പിടിഎയ്ക്കുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ ചരല്‍ക്കല്ല് കാല് കൊണ്ട് നീക്കിയതിന് കുട്ടിയെ ഹെഡ്മാസ്റ്റര്‍ ചെവിക്ക് അടിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചു നടത്തിയ പരിശോധനയില്‍ വലതുചെവിക്കു കേള്‍വിക്കുറവുണ്ടെന്നും കര്‍ണപുടം പൊട്ടിയെന്നും കണ്ടെത്തിയിരുന്നു.
അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബിജെപിയും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഹെഡ്മാസ്റ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. ഇതിനിടെ വിദ്യാഭ്യാസ വകുപ്പ് ഡിഡിഇ ടിവി മധുസൂദനന്‍ സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തി. അവധിയിലായ അധ്യാപകന്‍ എം അശോകന്റെ മൊഴി പിന്നീട് രേഖപ്പെടുത്തും.
