കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍ മാടയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് എത്തിയ പൊലീസ് ലാത്തി വീശി. 17 പേര്‍ക്കെതിരെ കേസെടുത്തു. ഒരാള്‍ അറസ്റ്റില്‍.
വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. മാടയില്‍ നിന്നു ബി എസ് നഗര്‍ പോകുന്ന റോഡിലെ ക്ലബ്ബിനു മുമ്പില്‍ വച്ചാണ് ഇരുവിഭാഗം ആള്‍ക്കാര്‍ നിസാര പ്രശ്‌നത്തെ ചൊല്ലി സംഘട്ടനത്തില്‍ ഏര്‍പ്പെട്ടതെന്നു പൊലീസ് പറഞ്ഞു. വലിയ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ലാത്തിവീശി ഓടിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ എസ് ഐ അജയ് എസ് മേനോന്റെ പരാതിപ്രകാരം മാടയിലെ ഭൂഷണ്‍ കുമാര്‍ (32), ബി എസ് നഗറിലെ മുഹമ്മദ് ബിലാല്‍ (27) എന്നിവരടക്കം 17 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ മുഹമ്മദ് ബിലാലിനെ പൊലീസ് അറസ്റ്റു ചെയ്തു.








