കാസര്‍കോട്: അടയ്ക്ക പെറുക്കാന്‍ തോട്ടത്തിലേയ്ക്കു പോയ വീട്ടമ്മയെ കാണാതായതായി പരാതി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, മല്ലംപാറ, തിമ്മനംക്കുണ്ടിലെ പരേതനായ ചോമണ്ണ നായികിന്റെ ഭാര്യ ഗുലാബി ബായി (68)യെ ആണ് കാണാതായത്.
ഇന്നലെ (ബുധന്‍) വൈകുന്നേരം നാലര മണിയോടെയാണ് ഗുലാബി തോട്ടത്തിലേയ്ക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന്‍ ജനാര്‍ദ്ദനന്‍ അന്വേഷിച്ചു തോട്ടത്തിലേയ്ക്കു പോയി. ഈ സമയത്ത് ഗുലാബിയുടെ ചെരുപ്പ് തോട്ടത്തിനു സമീപത്തെ തോട്ടിന്‍ കരയില്‍ കാണപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസും കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് (വ്യാഴം) രാവിലെ സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ പുനഃരാരംഭിച്ചു.







