വിവാഹേതര ബന്ധത്തിന് തടസം; ഗുണ്ടയായ ഭര്‍ത്താവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി; 34 കാരിയും കാമുകനായ 28 കാരനും പിടിയിലായത് ഒരുവര്‍ഷത്തിന് ശേഷം

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ആലിപുര്‍ സ്വദേശിനിയായ സോണിയ (34), കാമുകന്‍ സോനിപത് സ്വദേശിയായ രോഹിത് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹരിയാനയിലെ സോനിപത്തില്‍ കഴിഞ്ഞ വര്‍ഷം ആണ് കൊല നടന്നത്. കൊല്ലപ്പെട്ട പ്രീതം പ്രകാശ് (42) ആലിപുരിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്നെു. സോണിയയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും ഇതിന് തടസം നിന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട പ്രീതം പ്രകാശിനെതിരെ ആയുധ നിയമം, ലഹരിമരുന്ന് കൈവശം വയ്ക്കല്‍ എന്നിവയുള്‍പ്പെടെ പത്തിലധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 2024 ജൂലൈയിലാണ് പ്രീതം കൊല്ലപ്പെടുന്നത്. സോണിയയും രോഹിതും തമ്മില്‍ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി പ്രീതമും സോണിയയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് പ്രീതമിനെ കൊലപ്പെടുത്താന്‍ ഇരുവരും പദ്ധതിയിട്ടു. ഇതിനായി 50,000 രൂപ വിജയ് എന്നയാള്‍ക്ക് നല്‍കി. രാത്രി ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രീതമിനെ വിജയ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു. ജൂലൈ 20ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സോണിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ പ്രീതമിന്റെ മൊബൈല്‍ അടുത്തിടെ വീണ്ടും പ്രവര്‍ത്തനക്ഷമമായിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയത്തിന് വഴിവച്ചത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സോണിയയും രോഹിതും കുടുങ്ങിയത്. കൊലപാതകം, ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ രോഹിതെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page