കാസര്‍കോട്: പാസഞ്ചര്‍ ട്രെയിനുകളുടെ അപര്യാപ്തത കാരണം കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് മെമു സര്‍വീസ് മംഗളൂരുവരെ നീട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ ഒരു പാസഞ്ചര്‍ ട്രെയിന്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ, ദിവസേന വളരെ തിരക്കേറിയ ട്രെയിന്‍ ആണിത്. അടുത്തിടെ കോച്ചുകളുടെ എണ്ണം 14 ല്‍ നിന്ന് 11 ആയി കുറച്ചത് കണ്ണൂര്‍ മംഗളൂരു റൂട്ടില്‍ യാത്ര ക്ലേശം രൂക്ഷമാക്കി. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് അടുത്തിടെ ആരംഭിച്ച മെമു സര്‍വീസ് കണ്ണൂര്‍ സ്റ്റേഷനില്‍ എല്ലാ ദിവസവും ഏകദേശം 9 മണിക്കൂര്‍ നിഷ്‌ക്രിയമായി നിര്‍ത്തിയിടുന്ന സ്ഥിതിയാണ്. ഈ വിഷയത്തില്‍ അടിയന്തര ഇടപെടലും അനുകൂല തീരുമാനവും ഉണ്ടാകുന്നതിന് ജില്ലാ വികസന സമിതി യോഗം അഭ്യര്‍ത്ഥിച്ചു.
എം രാജഗോപാലന്‍ എംഎല്‍എ പ്രമേയം അവതരിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. സി എച്ച് കുഞ്ഞമ്പു എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷ്‌റഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ യോഗത്തില്‍ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
