കുമ്പള ടൗണില്‍ യുവാവിനെ പട്ടാപകല്‍ കാറില്‍ തട്ടികൊണ്ടു പോയി 18 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 80 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി 18 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ധര്‍മ്മത്തടുത്ത, ചള്ളങ്കയത്തെ യൂസഫ് ഇര്‍ഷാദി (24)നെയാണ് കുമ്പള എസ് ഐ പ്രദീപ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇച്ചിലങ്കോട്ട് വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. യൂസഫ് ഇര്‍ഷാദ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമാനരീതിയില്‍ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തില്‍ പ്രശാന്ത്, മനു, സജീഷ്, സുബീഷ്, ഷീജ, മഹേഷ് ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.
മെയ് 6ന് ഉച്ചയ്ക്ക് 2.30ന് കുമ്പള ടൗണിലാണ് കേസിനാസ്പദമായ സംഭവം. മുളിയടുക്ക സ്വദേശി അബ്ദുല്‍ റഷീദ് (33) ആണ് തട്ടികൊണ്ടുപോകലിനു ഇരയായത്. കുമ്പള ടൗണില്‍ നില്‍ക്കുകയായിരുന്ന അബ്ദുല്‍ റഷീദിനെ ഫോര്‍ച്യൂണര്‍ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി. കുമ്പള ഹോളിഫാമിലി സ്‌കൂളിനു സമീപത്ത് എത്തിയപ്പോള്‍ കാര്‍ നിര്‍ത്തുകയും മറ്റു രണ്ടുപേരെ കൂടി കാറില്‍ കയറ്റുകയും ചെയ്തു. ഓടികൊണ്ടിരുന്ന കാറില്‍ വച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും കൈകൊണ്ട് അടിച്ചും പരാതിക്കാരന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നു 18,46,127 രൂപ തട്ടിയെടുത്ത ശേഷം വൈകുന്നേരം നാലരയോടെ അബ്ദുല്‍ റഷീദിനെ പെര്‍മുദെ ഓട്ടോ സ്റ്റാന്റില്‍ ഇറക്കിവിട്ട് കടന്നു കളഞ്ഞുവെന്നാണ് കേസ്. മറ്റു നാലു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page