കാസര്‍കോട്: കാസര്‍കോട്, ബേക്കല്‍ പൊലീസ് സബ്ഡിവിഷന്‍ പരിധിയില്‍ നിന്നു മൂന്നു യുവതികളെയും മൂന്നു വയസ്സുള്ള കുട്ടിയെയും കാണാതായി.
ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷേണി, ബെല്‍ത്തക്കല്ല് സ്വദേശിനിയായ ചിത്രകല (37), മൂന്നു വയസ്സുള്ള മകള്‍ എന്നിവരെ ജൂലായ് ഒന്നിനാണ് കാണാതായത്. ഇതു സംബന്ധിച്ച് ഭര്‍ത്താവ് ബി ഗംഗാധരയുടെ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ബേക്കല്‍ പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ സംഗീത (21)യെ ശനിയാഴ്ചയാണ് കാണാതായത്. വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ നിന്നു ഇറങ്ങി പോയ ശേഷം തിരികെ വന്നില്ലെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ബേക്കല്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. യുവതി എറണാകുളത്ത് ഉള്ളതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെ, യേതാര്‍ ഹൗസിലെ വാസന്തിയുടെ മകള്‍ അശ്വിനി (28)യെയും ശനിയാഴ്ചയാണ് കാണാതായത്. രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്നു പോയ മകള്‍ തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അശ്വിനി കാഞ്ഞങ്ങാട് ഭാഗത്ത് ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.








