പത്തനംതിട്ട: സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിലൂടെയാണ് ജീവൻ നിലനിർത്തിയത് മന്ത്രി സജി ചെറിയാൻ. കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് വിവാദ പരാമർശം.
സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നതിൽ പുതുമയില്ല. കുത്തക ആശുപത്രികളെ സഹായിക്കാനാണ് പ്രതിപക്ഷം വീണാ ജോർജിനെ വേട്ടയാടുന്നത്. കോൺഗ്രസും ബിജെപിയും കിടക്കുന്നത് ഒരേ കട്ടിലിലാണെന്നും വീണ ജോർജിനെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് അറിയാമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും ബിജെപി പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിന് മുന്നിൽ മഹിളാ കോൺഗ്രസും കോഴിക്കോട് ജില്ലാ കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസും നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.








